2014 ഡിസംബർ 26, വെള്ളിയാഴ്‌ച

എതിർപ്പാട്ട്


കുയിലുകൾ കളകളം പാടുന്ന പാട്ടിന്റെ 
പല്ലവി ഞാൻ മെല്ലെയേറ്റു പാടി 
മാദുര്യമേറുന്നൊരാഗാനമിന്നെന്റെ 
താളവർണ്ണങ്ങളെ തൊട്ടുണർത്തി

ഒരു പാട്ടു മൂളാൻ  വിതുംബുന്നയെൻ മനം 
ഒരു രാഗകീർത്തനം പാടി മെല്ലെ 
സംഗീതസാഗരം എന്നിൽ പകർന്നു ത-
ന്നെൻ കുയിൽ പ്രാണൻ വെടിഞ്ഞു മെല്ലെ

 പ്രാണൻ പിടയുന്ന കണ്ടുകൊണ്ടെൻ മനം
ഒരു രാക്കിളിപ്പാട്ട് മൂളി മെല്ലെ...
ഒരു നൊമ്പരത്തോടെ മൂളി മെല്ലെ...   

2014 ഡിസംബർ 22, തിങ്കളാഴ്‌ച

അറിയാതെ അറിയുന്ന അഴലുകൾ


സന്ധ്യതൻ നൊമ്പരം കാണാതെ പോകുന്നു
പുഞ്ചിരി തൂകുന്ന ചന്ദ്രബിംബം
നദിയുടെ കൊഞ്ചലോ കേൾക്കാതെ പോകുന്നു
ഏഴുസ്വരങ്ങളായലതല്ലും സാഗരം

പുഷ്പത്തിൻ മർമ്മരം കേൾക്കാതെ പോകുന്നു
തഴുകിയൊഴുകുന്ന തെന്നൽപോലും
മണ്ണിൻ സുഗന്ധമോ അറിയാതെ പോകുന്നു
ഗന്ധർവഗാനമുണർത്തും പുതുമഴ

പാർവണബിംബത്തെ കാണാതെ പോകുന്നു
കങ്കണം  ചാർത്തിയ കാർമേഘങ്ങൾ
തെന്നലിൻ മന്ത്രമോ കേൾക്കാതെ പോകുന്നു
വർണ്ണത്തിൻ ചായങ്ങൾ ചാലിക്കും  മഴവില്ല്

കിളികൾതൻ നിസ്വനമറിയാതെ പോകുന്നു
കാലമെന്നോതുന്ന പദ്മവ്യൂഹം...
തമസ്സിന്റെയന്ധമാം പദ്മവ്യൂഹം....