2017 ഡിസംബർ 5, ചൊവ്വാഴ്ച

മാധവസംഗമം

വന്നു ഞാൻ ഗുരുവായൂരമ്പലനടയിലായ്
താമരക്കണ്ണനെ കണികാണുവാൻ
മാധവസംഗമമോർത്തുകൊണ്ടെൻ മനം
നിൻ വേണുഗാനത്തിലാണ്ടു മെല്ലെ

കുന്നിക്കുരുവിലും കണ്ടു ഞാൻ നിന്നുടെ
കള്ളത്തരത്തിൻ്റെ രൂപങ്ങളൊക്കെയും
അഷ്ടമിരോഹിണി നാളിലോ കണ്ണനു
ഒരു മണിത്തൊട്ടിലൊരുക്കുന്നിതാ

ഒരു തുലാഭാരത്താൽ ഗുരുവായൂർ വെണ്ണയി-
ന്നെനുണ്ണിക്കായി  നിവേദിക്കവേ
നിൻ തിരുനടയിൽ സമർപ്പിച്ചു ഞാനിന്നു
ഒരു പിടി പൊൻ  പണം കാണിക്കയായ്

ഒരു ചെറുവനമാല ചാർത്തിയെൻ കണ്ണൻ്റെ
കാൽക്കലായ് വന്നു നമസ്കരിക്കെ
എന്നിലെ നൊമ്പരം മാറ്റിടുവാനായ്
പവനപുരദീശനായ് വന്നു കണ്ണൻ
ഒരു നിർമ്മാല്യരൂപനായ് വന്നു കണ്ണൻ 

കൂടെവിടെ ?

സ്വപ്നമോ  അറിവീല ഒരു കൂടു കൂട്ടി ഞാൻ
ഗ്രാമത്തിലായൊരു കൊച്ചു കൂട്
തൈമാവും കശുമാവും കൈകോർപ്പൂ അവിടമായ്
ഒരു കായ്ക്കറിത്തോട്ടമുടലെടുപ്പൂ
മുത്തശ്ശി പഴങ്ങളും തുമ്പയും മുല്ലയും
സ്നേഹത്തിൻ ഗന്ധം പരത്തി മെല്ലെ

കൊലുസുകൾ കൊഞ്ചിച്ചോഴുകുന്നൊരരുവിയും
ചാഞ്ചാടും പൊൻ കതിർപ്പാടങ്ങളും
എന്നും കൊളുത്തുമാ ദീപനാളത്തിലായ് 
മിന്നുന്ന ചെറുമൺച്ചുവരുകളും
വേനൽപ്പിണക്കമോ മായ്ക്കുന്നു മുറ്റത്തെ
സ്നേഹമാമൊരു കൊച്ചു തണ്ണീർക്കിണർ

ആരോ കൊളുത്തും ചിതയിലെരിഞ്ഞുവോ 
കനവാൽ പടുത്തൊരാ കൊച്ചുകൂട്
ഒരു കഥപോലും പറയാതകന്നുപോയ്
കഥയാലെരിഞ്ഞോരെൻ കൊച്ചുകൂട്
മധുരിക്കുമോർമ്മയെരിഞ്ഞടങ്ങി വീണ്ടും
മൊട്ടിട്ടു പുതിയൊരു വർണ്ണസ്വപ്നം
കണ്ണീർക്കിനാവാൽ പടുത്തുയർത്തി  ഞാനെൻ
ഒരു കൊച്ചുകൂടെന്നെരിഞ്ഞ സ്വപ്നം 
ആരും കെടുത്താത്ത കുഞ്ഞുസ്വപ്നം

2017 ഡിസംബർ 4, തിങ്കളാഴ്‌ച

കാണാമറയത്ത്‌

ഒന്നു മയങ്ങുന്ന  നേരത്തു ചാരെ വന്നെ-
നുണ്ണിക്കണ്ണനാ ഗീതമോതി
വന്നു ചിരിതൂകി നിന്നു എൻ മുന്നിലാ-
പീലി വിടർത്തിയെൻ കണ്ണനുണ്ണി
പനിനീർ ദളം പോലെ വിടരുന്ന കണ്ണുകൾ
സ്വപ്നമാം മൊട്ടുകൾ വിതറിയെന്നിൽ
മഞ്ഞപ്പാട്ടാടയുടുത്തൊരെൻ കണ്ണൻ്റെ
ശോഭയെന്നിൽ മെല്ലെ വന്നണഞ്ഞു
ഗോപീതിലകമണിഞ്ഞിതാ കണ്ണനി-
ന്നെൻ മടിത്തൊട്ടിലിൻ ചാരെ വന്നു
യദുകുല ഗോപികമാരുടെ കാലൊച്ച 
എൻ്റെ പൊന്നുണ്ണിയെ തൊട്ടുണർത്തി
ഒരു ചെറു പുഞ്ചിരി നേർന്നുകൊണ്ടെന്നുണ്ണി-
യെന്നിൽ നിന്നെവിടെയോ പോയ്‌ മറഞ്ഞു 

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

വിഷുപ്പുലരി

ഉണർന്നിതാ മേടത്തിൻ ചന്ദനപ്പുലരിയീ-
നറുപൊൻകണിയെ വരവേൽക്കുവാനായ്
മേടത്തിൻ പൊൻവെയിൽ നാളമോയിന്നിതാ
വരവേൽപ്പൂവീപുതു പൊൻവിഷുപ്പുലരിയെ

ഒരു ചെറുകണിക്കൊന്ന പൂക്കുന്നിതാമെല്ലെ
നറുപൊൻവിഷുവിനെ തഴുകിലാളിക്കുവാൻ
വിഷുപ്പക്ഷി പാടുമാ രാഗമോ തേടുന്നു
തെന്നലിന്നലകൾതൻ ജീവരേണു

ചന്ദനത്തിൻ പുതുഗന്ധമോയിന്നിതാ
പൂത്തുലഞ്ഞീടുന്നു മനതാരിലായ്
അഞ്ജനക്കണ്ണനെ കണികാണ്മുയിന്നീ-
നറുവെണ്മയൂറും നയനങ്ങളാൽ

മഞ്ഞപ്പട്ടാടയുടുത്തൊരാ മേനിയെ
ഒരു ചിത്രക്കൂടിലായെന്നപോലോർക്കവേ
മയിൽ‌പ്പീലി പാറുമാ മോഹനരൂപമെൻ
മനതാരിൽ വിരിയുന്നു മെല്ലെ മെല്ലെ

ഒരുനറു തേജസ്സിനാലെയൊരുക്കുന്നു
നറുകണിയിന്നെനകതാരിലായ്
ഒരു പൊൻകണിയിന്നെനകതാരിലായ്...

ഒരു പനിനീർപ്പൂവ്

ഒരു വെള്ളിത്താരകം വാനിലുദിക്കുംപോൽ
മണ്ണിലുദിക്കുന്നു ചെന്താരകം
വിരിയുന്നിതാ മെല്ലെ ഒരു കൊച്ചുതണ്ടിലായ്
നറുശോഭയാർന്നൊരാ നീർമൊട്ടുകൾ

ഒരു പട്ടുമൊട്ടിന്മേൽ കോർത്തിണക്കുന്നിതാ
നാണിച്ചു നിൽക്കുന്നോരിതളുകളും
കുളിരൂർന്നു പൊഴിയുമാ വെൺമഴത്തുള്ളികൾ
നെറുകയിൽ സിന്ദൂരം ചാർത്തുന്നുവോ...

ഖൽബ്

ഖൽബിലെ പാട്ടിൻറെ ഈണവുമോർത്തുകൊ-
ണ്ടെന്നുടെ മനമിന്ന് ഒരു പാട്ടു മൂളവേ
തട്ടം മറക്കുമെൻ ഖല്ബിൻറെയുള്ളിലായ്
സ്വപ്നത്തിൻ മൊട്ടുകൾ മെല്ലെ വിരിയവേ

ഒപ്പനപ്പാട്ടിൻറെ താളത്തിലായിതാ
സ്വപ്നത്തിൻ ചുവടുകൾ മെല്ലെ വിടരവേ
മൈലാഞ്ചി കൈയ്യിലണിയും പകിട്ടുകൾ
ഖൽബിൽ വിരിയുന്ന മോഹങ്ങളല്ലയോ...

മോഹത്തിൻ മോട്ടിലായത്തറും പൂശി ഞാൻ
രാവിൻറെ മാറിലായ് ചായുന്നിതാ
വെണ്ണിലാവിൻറെ മാറിലായ് ചായുന്നിതാ...

2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഊർവ്വരശോകം

അസ്തമിക്കുന്നിതാ ജനനിതൻ താളമീ -
കുളിരൂർന്ന മണ്ണിലേക്കലിയുവോളം 
വറ്റിവരളുകയല്ലയോ ജനനിതൻ 
കണ്ഠത്തിലൂറുമാ ശ്രുതികളെല്ലാം 

ഒരു വീണതന്നിഴയൊന്നു മീട്ടുവാനാശിച്ചു-
നീട്ടുന്ന ഹസ്തമോ തളർന്നിടുന്നു 
മുറിവേറ്റു വീഴുന്നു കർണകഠാേരമാം 
നരജന്മം മൂളുമാ ശബ്ദങ്ങളാൽ 

നിലക്കാത്ത പാപത്തിന്നാഴത്തിലേക്കല്ലോ 
മറയുന്നു ജനനിതൻ പത്മപാദം