2017 ഡിസംബർ 5, ചൊവ്വാഴ്ച

കൂടെവിടെ ?

സ്വപ്നമോ  അറിവീല ഒരു കൂടു കൂട്ടി ഞാൻ
ഗ്രാമത്തിലായൊരു കൊച്ചു കൂട്
തൈമാവും കശുമാവും കൈകോർപ്പൂ അവിടമായ്
ഒരു കായ്ക്കറിത്തോട്ടമുടലെടുപ്പൂ
മുത്തശ്ശി പഴങ്ങളും തുമ്പയും മുല്ലയും
സ്നേഹത്തിൻ ഗന്ധം പരത്തി മെല്ലെ

കൊലുസുകൾ കൊഞ്ചിച്ചോഴുകുന്നൊരരുവിയും
ചാഞ്ചാടും പൊൻ കതിർപ്പാടങ്ങളും
എന്നും കൊളുത്തുമാ ദീപനാളത്തിലായ് 
മിന്നുന്ന ചെറുമൺച്ചുവരുകളും
വേനൽപ്പിണക്കമോ മായ്ക്കുന്നു മുറ്റത്തെ
സ്നേഹമാമൊരു കൊച്ചു തണ്ണീർക്കിണർ

ആരോ കൊളുത്തും ചിതയിലെരിഞ്ഞുവോ 
കനവാൽ പടുത്തൊരാ കൊച്ചുകൂട്
ഒരു കഥപോലും പറയാതകന്നുപോയ്
കഥയാലെരിഞ്ഞോരെൻ കൊച്ചുകൂട്
മധുരിക്കുമോർമ്മയെരിഞ്ഞടങ്ങി വീണ്ടും
മൊട്ടിട്ടു പുതിയൊരു വർണ്ണസ്വപ്നം
കണ്ണീർക്കിനാവാൽ പടുത്തുയർത്തി  ഞാനെൻ
ഒരു കൊച്ചുകൂടെന്നെരിഞ്ഞ സ്വപ്നം 
ആരും കെടുത്താത്ത കുഞ്ഞുസ്വപ്നം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ